ഇതുവരെയുള്ള യാത്രയുടെ ക്ഷീണം പിച്ചാവരത്തെ ബോട്ടിങ്ങോടെ തീര്‍ന്നുകിട്ടി.പോണ്ടിച്ചേരി(Pondicherry) ആണ് അടുത്ത ലക്ഷ്യം.ഏകദേശം 75 കി .മീ.ദൂരം ഉണ്ട്.പറങ്കിപേട്ട,കടല്ലൂര്‍,തവളക്കുപ്പം,വഴിയാണ് പോയത്.12 മണിയായി പോണ്ടിച്ചേരിയില്‍ എത്തിയപ്പോള്‍.പാരഡയസ് ബീച്ചിനെകുറിച്ചും ,ഫ്രഞ്ച് വിഭവങ്ങളെ കുറിച്ചും കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ.പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന ഉടനെ.വലുതും ചെറുതുമായ ബാറുകളുടെ ഒരു നിരതന്നെ കണ്ടുതുടങ്ങി.ഒന്ന് പരീക്ഷിചേക്കാമെന്നു വെച്ചു.!!
ആദ്യം ശ്രീ അരബിന്ദോ ആശ്രമത്തിലേക്കാണ് പോയത്.അകത്തു കടക്കാന്‍ കഴിഞ്ഞില്ല.കാരണം 12 മണിമുതല്‍ 2 മണിവരെ പ്രവേശനം ഇല്ല.പുറമേ നിന്ന് കണ്ടു.1926ല്‍ ശ്രീ അരബിന്ദ മഹര്‍ഷി സ്ഥാപിച്ചതാണ് ഇത്.ആന്തരീക യോഗ – internal yoga- ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന സന്ദേശം ആണ് ഈ ആശ്രമം പ്രചരിപ്പിക്കുന്നത് എന്ന് ഒരു സന്യാസി പറഞ്ഞു തന്നു.അടുത്തതായി പോയത് ഒരു വലിയ പള്ളിയിലെക്കാണ് ,ഫ്രഞ്ച് വാസ്തുവിദ്യ രീതിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.ഫ്രഞ്ച് രീതിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ , പേരുകള്‍ പോലും ഫ്രെഞ്ചില് ആണ്. ഗതകാല സ്മരണകളില്‍ ജീവിക്കുന്ന ഒരിടം എന്നാണെനിക്കു തോന്നിയത്.പോണ്ടിച്ചേരിയില്‍ പോയാല്‍ ഫ്രഞ്ച് വിഭവങ്ങള്‍ പരീക്ഷിക്കണമെന്ന് യമുന പറഞ്ഞിരുന്നു.അതനുസരിച്ച് ഒരു ” Dine& Wine” റസ്റ്റരന്റില് കയറി.സംഗതി കൊള്ളാം ,പക്ഷേ ബില്‍ അല്‍പ്പം കട്ടിയാണ്.വളരെ മനോഹരമായ ബീച്ച് ആണ് ഇവിടെ.സീനിയര്‍ സിറ്റിസന്മാരെ ചക്രകസേരകളില്‍ ഇരുത്തി ബീച്ച് റോഡിലൂടെ സഞ്ചരിക്കുന്ന കുറെ പേര്.ഇവിടെയുള്ള ഗാന്ധിമണ്ഡപവും വളരെ രസമുണ്ട്.
പോണ്ടിച്ചേരി വീഥികളിലൂടെ നടന്നപ്പോള്‍ എന്റെ മനസ്സില്‍ വന്നത് ശെന്തിലിനെ അന്വേഷിച്ചു പോയ ക്രിസ്റ്റി ആന്ത്രപ്പേര് നെ ആണ്. ബെന്യാമിന്റെ മഞ്ഞ വെയില് മരണങ്ങള് എന്ന പുസ്തകം ഞാന്‍ ഒരാഴ്ച മുന്‍പ് വായിച്ചതേ ഉണ്ടായിരുന്നുള്ളൂ.
ഇനി Auroville യിലെക്കാന് പോവേണ്ടത്. മാപ്പ് നോക്കി.23 കി മി ദൂരം ഉണ്ട്.
3 മണിയായപ്പോഴേക്കും അവിടെ എത്തി. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികളെയാണ് അവിടെ കണ്ടത്.പലരും സൈക്കിള്‍ ആണ് യാത്രക്ക് ഉപയോഗിക്കുന്നത്.വളരെ ശാന്തസുന്ദരമായ ഒരു പ്രദേശം.യാതൊരു തിരക്കും ബഹളങ്ങളുമില്ല.കാര്‍ പാര്‍കിംഗ് ഏരിയയില്‍ നിര്‍ത്തി.Auroville യുടെ കേന്ദ്രസ്ഥാനം Mantrimandir- ധ്യാനമണ്ഡപം -ആണ്.അങ്ങോട്ട് പോകാനുള്ള ടിക്കെറ്റ് എടുത്തു.
ശ്രീ അരബിന്ദ മഹര്‍ഷിയുടെ സഹചാരിയായിരുന്ന Mirra Alfasaa എന്നവര്‍ 1968-ല്‍ സ്ഥാപിച്ചതാണ് ഇത്.ധ്യാനമണ്ഡപം ഒരു വാസ്തുവിദ്യ അത്ഭുതം തന്നെയാണ്.പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കുറച്ചു നടക്കണം അങ്ങോട്ട്.മരങ്ങളും ചെടികളും പൂക്കളും തണല്‍ വിരിക്കുന്ന വഴിയാണ്.മുന്‍കൂര്‍ ബുക്ക് ചെയ്താലേ ധ്യാനമണ്ഡപത്തിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ പറ്റൂ. പൂക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മാര്‍ബിള്‍ ഫലകങ്ങളില്‍ ആപ്തവാക്യങ്ങള്‍ കൊത്തിവെച്ചത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.
.Auroville യുടെ ശാന്തതയില്‍ നിന്നും പോകാന്‍ മടി തോന്നി. പക്ഷെ പോയേപറ്റൂ.ഇന്ന് ഹാള്‍ട്ട് Arcot എന്ന സ്ഥലത്താണ്.ഓട്ടം തുടങ്ങി.പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന ഉടനെ പോലീസ് പരിശോധന തുടങ്ങി. “കുപ്പികള്‍ ” ഉണ്ടോ എന്നാണ് നോക്കുന്നത്.ബാഗുകള്‍ അടക്കം തുറന്നു കാണിക്കേണ്ടി വന്നു. തിണ്ടിവനം എന്ന സ്ഥലത്ത് എത്തി.ചായ കുടിച്ചു.ഒരു വലിയ ജങ്ക്ഷന് ആണ്. വീണ്ടും യാത്ര തുടര്‍ന്നു .തെള്ളാര് ,വന്ദവാസി തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ടു.തരിശുപ്രദേശങ്ങളില്‍ കൂടെ ആണ് പോകുന്നത്. വഴി ചോദിയ്ക്കാന്‍ പോലും ആരെയും കാണാനില്ല.GPS ആണ് ഏക ആശ്രയം.സിഗ്നല്‍ കിട്ടാതെ വന്നപ്പോള്‍ അതും മുടങ്ങി.ഇരുട്ടുമായി ,ഒരു വാഹനം പോലും വരുന്നുമില്ല.ഒടുവില്‍ ആര്‍ണി എത്തി. നെയ്ത്ത് ശാലകളുടെ സ്ഥലമാണെന്ന് തോന്നുന്നു.ഭക്ഷണം കഴിച്ചു.10 മണിയായപ്പോള്‍ Arcot എത്തി. ആര്‍കോട് ആപ്പിള്‍ എന്ന് കേട്ടിട്ടുണ്ട്. എവിടെയും റൂം കിട്ടീല.Sipcot എത്തിയാല്‍ റൂം കിട്ടുമെന്ന് അറിഞ്ഞു അങ്ങോട്ട് പോയി. വലിയ വ്യവസായ കേന്ദ്രമാണ്.വമ്പന്‍ കമ്പനികളുടെ ഗസ്റ്റ് ഹൌസുകള്‍ . സ്റ്റാര്‍ ഹോട്ടലുകള്‍. ഒരു ഹോട്ടലില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ ഡ്രസ്സ് കോഡ് പാലിക്കാത്തതിനാല്‍ റൂം തന്നില്ല.അവസാനം ഒരു ഹോട്ടലുകാരന് കനിഞ്ഞു.
ചിദംബരത്ത് നിന്നും തുടങ്ങിയ ഇന്നത്തെ യാത്ര സിപ്കോട്ടില്‍ അവസാനിച്ചു. ദൂരം.: 296 കി മി
Leave a Reply