മധുര – ചെട്ടിനാട് സദ്യയുടെ സ്വാദ്!!!!! Madhura-Chettinad



ഒരുക്കം:

          വളരെ അവിചാരിതമായാണ് ഡോ. വിജയന്‍റെ എസ് എം എസ് പറന്നു വീണത്. ” ഈ ഓണാവധിക്ക് നമുക്കൊരു യാത്ര പോയാലോ” .ഓക്കേ എന്ന് മറുപടി പറത്താന്‍ ഒട്ടും താമസിച്ചില്ല. ഉടന്‍ അടുത്ത ചോദ്യങ്ങള്‍ വന്നു . എങ്ങോട്ട്, ആരൊക്കെ , എത്രദിവസം , ഏത് വാഹനം…??? നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് ഏകദേശ ധാരണ ആയി.റെന്റ് എ കാര്‍ എടുക്കാമെന്നും ഒരു മിനി സൌത്ത് ഇന്ത്യന്‍ യാത്ര ആകാമെന്നും. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര റൂട്ടുകളും കണ്ടുപിടിച്ചു..ഇനി രണ്ട് ആള്‍ക്കാര്‍ കൂടി വേണം .അവസാനം അതും ശരിയായി.
യാത്രാരംഭം :
           2013 സെപ്റ്റംബര്‍ 14. ഉച്ചക്ക് 2 മണിയായപ്പോഴേക്കും വിജയനും ജിബിയും കൂടി പെരിന്തല്‍മണ്ണയില്‍ എത്തി.ഒരു കറുത്ത സ്വിഫ്റ്റ് കാര്‍. ഇനിയുള്ള എട്ടൊമ്പത് ദിവസങ്ങള്‍ അതിലാണ്.രണ്ടര മണിക്ക് ഇറങ്ങി . നേരെ ചങ്ങരംകുളം ,ശശികുമാറിന്റെ വീട്ടിലേക്ക് , അങ്ങനെ നാലാമനും കയറി…..ഇന്ന് പൊള്ളാച്ചി താമസിക്കാം എന്ന പ്ലാനിലാണ് പോകുന്നത് . രാത്രി 9 മണിക്ക് പൊള്ളാച്ചി എത്തി. ആദ്യം കണ്ട ഹോട്ടലിലേക്ക് നടന്നു. റൂം ഒന്നും ഒഴിവില്ല. ” ഏയ്‌ സാരമില്ല , പൊള്ളാച്ചിയില്‍ ഇഷ്ടം പോലെ ടൂറിസ്റ്റ് ഹോമുകള്‍ ഉണ്ട്” ശശികുമാറിന്റെ ഉറപ്പ് !! പക്ഷെ നാലഞ്ചു സ്ഥലങ്ങളില്‍ കയറി ഇറങ്ങിയപ്പോള്‍ ആ ഉറപ്പ് ഇല്ലാതായി.നാളെ തമിഴ്നാടില്‍ ഏറ്റവും നല്ല കല്യാണ മുഹൂര്‍ത്തം ആണത്രേ.എല്ലാ ഹോട്ടലുകളും കല്യാണ പാട്ടികള്‍ ബുക്ക്‌ ചെയ്തിരിക്കുന്നു . വേഗം പഴനിയിലേക്ക് വിട്ടോളൂ , ഇനി അവിടെ മാത്രമേ റൂം കിട്ടുകയുള്ളൂ എന്ന് ഒരു ഹോട്ടലുകാരന്‍ പറഞ്ഞു. നേരെ പഴനിക്കു വിട്ടു.പതിനൊന്നു മണിയായപ്പോള്‍ പഴനിയില്‍ എത്തി. കാര്‍ നിര്‍ത്തിയപ്പോഴേക്കും എജന്റ്മാര്‍ ഓടി വന്നു.മുന്‍ അനുഭവം ഉള്ളതുകൊണ്ട് അതില്‍ പെട്ടില്ല.ഔടെര്‍ പഴനിയില്‍ ഒരു നല്ല റൂം കിട്ടി.ദൂരെ ദീപങ്ങളാല്‍ തിളങ്ങുന്ന പഴനി അമ്പലം കാണാം.
          കോഴിക്കോട്-പഴനി ദൂരം : 315 KM
രണ്ടാം ദിവസം :
          6.30 നു തന്നെ എഴുനേറ്റു . ജനലിലൂടെ ഇളം മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പഴനി മല . ക്യാമറയും എടുത്തു പുറത്തിറങ്ങി. ആ ദൃശ്യങ്ങള്‍ പകര്‍ത്തി .

 

               7.30 ആയപ്പോഴേക്കും എല്ലാരും റെഡി ആയി.ഇന്നത്തെ ഹാള്‍ട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത് രാമേശ്വരം ആണ്. Tablet-ല്‍ GPS ഓണ്‍ ചെയ്തു വെച്ചു. ഓട്ടംഛത്രം ,ദിണ്ടിക്കല്‍ മധുര വഴിയാണ് പോകേണ്ടത്.ഇളം മഞ്ഞിന്റെ കുളിരിലൂടെ ഡ്രൈവ് ചെയ്യാന്‍ നല്ല രസം.വളരെ നല്ല റോഡും ,റോഡരികിലെ പ്രകൃതി ഭംഗിയും.”ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ടെ ?” ശശിയേട്ടന്‍ ഓര്‍മിപ്പിച്ചു. പുള്ളിയാണ് ഭക്ഷണ മാനേജര്‍. വഴിയരികില്‍ കണ്ട ടീ-കാപ്പി കടയില്‍ കയറി.ചൂടുള്ള ഇഡലിയും ഉഴുന്ന് വടയും രണ്ടു വലിയ പാത്രങ്ങളില്‍ മേശപ്പുറത് എത്തി.ആവശ്യം പോലെ എടുത്തു കഴിക്കാം . എണ്ണം ഓര്‍ത്ത് വെച്ചാല്‍  മതി. വഴിയരികിലെ പച്ചപ്പും തെളിഞ്ഞ നീലാകാശവും ക്യാമറയിലേക്ക് പകര്‍ത്തി.

 

                              ദിണ്ടിക്കല്‍ കഴിഞ്ഞാല്‍ മധുര(Madhura) വരെ AH( Asian highway) യുടെ ഭാഗമാണ്.4 വരി പാത. കിലോമീട്ടരുകളോളം നേര്‍കാഴ്ച ..എതിരെ വാഹനം വരില്ല എന്ന ധൈര്യം ..അക്സിലരേട്ടരില്‍ കാല്‍ പതിയെ അമര്‍ന്നു.പാതയ്ക്ക് ഇരുവശവും മുന്തിരി തോട്ടങ്ങള്‍ ആണ്.കാര്‍ നിര്‍ത്തി ഇറങ്ങി.മുന്തിരിതോട്ടങ്ങള്‍ക്ക് മുന്നില്‍ ഫാം ഫ്രഷ്‌ എന്ന പേരില്‍ മുന്തിരി വില്പനയും ഉണ്ട്. പക്ഷെ അതൊക്കെ വേറെ എവിടെനിന്നോ കൊണ്ടുവന്നു വിക്കുന്നതാണ്.എന്തായാലും ഫോട്ടോകള്‍ എടുത്തതിനു പകരമായി മുന്തിരി വാങ്ങി.പിന്നെ മുന്തിരിയില്‍ ശശിയേട്ടന്റെ വക പല പരീക്ഷണങ്ങള്‍ !!!

 

                            നട്ടുച്ച.മധുര ചൂടില്‍ തിളയ്ക്കുന്നു.റോഡില്‍ മുഴുവന്‍ വിവാഹ സംഘങ്ങള്‍ ,കടുംകളര്‍ വസ്ത്രങ്ങളും പാട്ടും ആര്‍പ്പുവിളികളും.വരനും വധുവും സിനിമാതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫ്ലക്സ്ബോര്‍ഡുകള്‍ വഴിയരികില്‍ ഒക്കെ ഉണ്ട്.കാറിനു എന്തോ ഒരു ഏനക്കേട്‌.ഒരു ടയര്‍ പഞ്ചര്‍ ആയിരിക്കുന്നു. അത് ശരിയാക്കി നേരെ തിരുപ്രംകുണ്ട്രം.
            വളരെ പുരാതനമായ ക്ഷേത്രമാണ് തിരുപ്രംകുണ്ട്രം.മധുര ടൌണില്‍ നിന്നും വളരെ അടുത്താണ് ഇത്.വലിയൊരു പാറ മലയാണ് ഇതിന്റെ പിന്നില്‍.വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പോലും സ്ഥലം ഇല്ല.അത്രയ്ക്ക് തിരക്കാണ്.എല്ലായിടത്തും കല്യാണങ്ങളുടെ തിരക്ക്. അമ്പലം കണ്ടു ഇറങ്ങി വരുമ്പോള്‍ ഒട്ടും മടിക്കാതെ നേരെ കണ്ട വിവാഹഹാളിലേക്ക് ഞാനും ജിബിയും കൂടി കയറി.സദ്യ വിളമ്പി തുടങ്ങിയിരിക്കുന്നു,vow!! നല്ല ചെട്ടിനാട് സദ്യ.എന്താ അതിന്റെ ഒരു സ്വാദ് !! വരനും വധുവിനും മനസാ ആശംസ അര്‍പിച്ചു. ഞങ്ങളെ കാത്തിരുന്നു മടുത്ത വിജയനും ശശിയേട്ടനും ഞങ്ങള്‍ സദ്യ കഴിച്ച കാര്യം കൂടി അറിഞ്ഞപ്പോള്‍ …!!!

 

             പിന്നെ മധുര മീനാക്ഷി ക്ഷേത്രം. അകത്തു കയറാന്‍ കഴിഞ്ഞില്ല. കാരണം 4 മണിക്ക് ശേഷമേ നട തുറക്കുകയുള്ളു. ഞങ്ങള്‍ക്ക് ഇന്ന് രാമേശ്വരം എത്തേണ്ടതാണ്.വേഗം തന്നെ പുറപ്പെട്ടു.തിരിപ്പുവനം,പരമകുടി രാമനാഥപുരം,മണ്ഡപം വഴി പാമ്പന്‍ പാലത്തിലേക്ക്.ചെറുപ്പകാലത്ത് ഏതോ തുണിക്കടയുടെ കലണ്ടറില്‍ ആണ് ആദ്യമായി പാമ്പന്‍ പാലം കണ്ടത്.കപ്പല് പോകുമ്പോള്‍ ഉയരുന്ന തീവണ്ടിപ്പാളത്തിന്‍റെ ചിത്രം  അത്ഭുതത്തോടെ നോക്കി നിന്നത് എന്‍റെ  ഓര്‍മയിലേക്ക് വന്നു.പാലത്തിന്‍റെ മുകളില്‍ കാര്‍ പാര്‍ക് ചെയ്യാന്‍ സമ്മതിക്കില്ല. കുറച്ചു മാറ്റിനിര്‍ത്തി പാലത്തിലേക്ക് നടന്നു. ഭാഗ്യത്തിന് അപ്പൊ ഒരു ട്രെയിനും അപ്പുറത്തെ പാളത്തിലൂടെ പോകുന്നത് കാണാന്‍ പറ്റി.പാലത്തിനു മുകളില്‍ നില്‍ക്കാന്‍ പറ്റില്ല,അത്രയ്ക്ക് ശക്തിയായ കാറ്റാണ്.അസ്തമന സൂര്യന്‍റെ ചന്തം പാലത്തില്‍ നിന്നും ആവോളം ആസ്വദിച്ചു. പാലം ഇറങ്ങി നേരെ രാമേശ്വരം. ചെട്ടിനാട് സദ്യ കാരണം വിശപ്പ്‌ തോന്നുന്നേ ഇല്ല. അടുത്ത കണ്ട തട്ടുകടയില്‍ ഇറങ്ങി ടീ ശാപ്പിട്ടു. ഇവിടെയും വിവാഹ ഫ്ലക്സുകള്‍ ഉണ്ട്.ഒരു വ്യത്യാസം മാത്രം,വധൂവരന്മാര്‍ക്കൊപ്പം സിനിമാതാരങ്ങള്‍ക്ക് പകരം വി.പ്രഭാകരന്‍ !!
രാമേശ്വരം അമ്പലത്തിനു സമീപം തന്നെ റൂം കിട്ടി. നല്ല എ .സി റൂം മിതമായ നിരക്കും. ചെക്ക്‌ ഇന്‍ ചെയ്തു കുളിച് അമ്പലത്തിലേക്ക് പോയി. തിരിച്ചുവന്നു ഭക്ഷണവും കഴിച്ച് റൂമിലേക്ക്…
തെങ്ങിന്‍പൂക്കുലയും ചെറുനാരങ്ങയും മുളകുപൊടിയും..ചില “മധുര” കാഴ്ചകള്‍

 

Pamban Bridge

 

 

 

 

 

 

 

 

       പഴനി- രാമേശ്വരം : 305 km.