ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം നാല്.
(Uzbekistan Diary-Part 4)
Bukhara
രാവിലെ തന്നെ ഹോട്ടലിലെ complimentary breakfast കഴിച്ച് റൂം വെക്കേറ്റ് ചെയ്ത് ബസിൽ കയറി. വിഭവ സമൃദ്ധം ആണ് ഈ ഹോട്ടലിലെ ബ്രേക്ക് ഫാസ്റ്റ്.
ഇന്നത്തെ യാത്ര ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും പൗരാണിക നഗരം ആയ ബുഖാറ(Bukhara) എന്ന സ്ഥലത്തേക്ക് ആണ്. പോകുന്ന വഴി ഒട്ടേറെ കാഴ്ചകൾ ഉണ്ട്.വെയിൽ വന്നു തുടങ്ങുന്നെ ഉള്ളൂ, നല്ല തണുപ്പാണ്. വെയിൽ ശക്തിയായാൽ തണുപ്പ് കുറയും എന്ന പ്രതീക്ഷ ആണ്.
The tomb of Imam al-Bukhari.
ഏകദേശം 30 കി മീ പിന്നിട്ട് ഞങൾ പ്രമുഖ മുസ്‌ലിം മത പണ്ഡിതൻ ആയ ഇമാം ബുഖാരി (Imam Bukhari) എന്നവരുടെ മക്ബറയിൽ എത്തി ,പക്ഷേ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ അകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു.ബസിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും കച്ചവടക്കാർ അടുത്തുകൂടി. ഇന്ത്യയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ നമസ്തേ പറഞ്ഞുകൊണ്ടാണ് അവരുടെ വരവ്.ഇവിടെ എവിടെ പോകുമ്പോഴും ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഇന്ത്യക്കാരാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ വല്ലാത്ത സ്നേഹവും ഇഷ്ടവുമാണ് ഇവർ നമ്മളോട് പ്രകടിപ്പിക്കുന്നത്.
അകത്തു കയറാൻ സാധിക്കാത്തതിനാൽ പുറത്തു നിന്നുകൊണ്ട് ചിത്രങ്ങൾ ഒക്കെ എടുത്ത് ഞങ്ങൾ തിരിച്ചിറങ്ങി.പണി പൂർത്തിയായി കഴിഞ്ഞാൽ ഈ മന്ദിരം എങ്ങനെ ഉണ്ടാകുമെന്ന് അറിയുന്നതിനായി മന്ദിരത്തിന്റെ ഒരു മിനിയേച്ചർ രൂപം പുറത്ത് വെച്ചിട്ടുണ്ട്.
വീണ്ടും യാത്ര തുടങ്ങി.
സമർഖണ്ഡിൽ നിന്ന് ബുഖാറയിലേക്ക് ഏകദേശം 250 കിലോമീറ്റർ അടുത്ത് ദൂരമുണ്ട്. സമർഖണ്ഡിൽ നിന്ന് ബുഖാരയിലേക്ക് ബുള്ളറ്റ് ട്രെയിനുകൾ ഓടുന്നുണ്ട്. അതിൽ യാത്ര ചെയ്താൽ രണ്ടു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരമാണ്. പക്ഷേ ഉസ്ബകിസ്താന്റെ ഗ്രാമ നഗര കാഴ്ചകൾ കാണുന്നതിന് റോഡ് മാർഗ്ഗം പോവുകയാണ് നല്ലത്.
ഇടയ്ക്കിടയ്ക്ക് ചെറു നഗരങ്ങളും വിശാലമായ കൃഷിത്തോട്ടങ്ങളും ഒക്കെ പിന്നിട്ട് ഞങ്ങൾ യാത്ര തുടർന്നു.
പരുത്തി കൃഷിയും ആപ്പിൾ ഓറഞ്ച് മുന്തിരി തുടങ്ങിയ കൃഷികളും ഇരുവശത്തും കാണുവാൻ സാധിച്ചു. പ്രാദേശികമായ കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി വെച്ച് നിരന്നിരിക്കുന്ന കച്ചവടക്കാരും , ഷീറ്റ് മേഞ്ഞ ചെറിയ ചെറിയ വീടുകളും ഒക്കെ മനോഹരമായ കാഴ്ചകളായി.
വഴിയിൽ ഒരിടത്ത് ചായ കഴിക്കുന്നതിനും വാഷ്റൂമിൽ പോകുന്നതിനും ആയി നിർത്തി.
ഉസ്ബകിസ്താന്റെ തനത് വിഭവമായ സമൂസ ഉൾപ്പെടെ നിരവധി ലഘുവിഭവങ്ങൾ ചായയ്ക്കും കാപ്പിക്കും ഒപ്പം ലഭ്യമാണ്.വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുക എന്നത് വലിയ സാഹസമാണ് ഇവിടെ. ഒന്നാമത്തെ പ്രധാന കാരണം കച്ചവടക്കാർക്ക് ഒന്നും തന്നെ ഇംഗ്ലീഷ് അറിയില്ല എന്നതാണ്. ഗൂഗിൾ ട്രാൻസിലേറ്റ് ഒക്കെ ഉപയോഗിച്ചുകൊണ്ടാണ് ഈ കാര്യങ്ങളൊക്കെ തന്നെ നടത്തി എടുത്തിരുന്നത്. പൊട്ടറ്റോ സമൂസ ലഭിക്കുമെന്ന് അറിഞ്ഞ് കുറെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.
വാഷ് റൂമിന്റെ കാര്യമാണെങ്കിൽ അതിലേറെ രസകരമാണ്. ഹോട്ടലിൽ ആണെങ്കിലും പെട്രോൾ പമ്പിൽ ആണെങ്കിലും വാഷ് റൂം ഉപയോഗിക്കണമെങ്കിൽ പണം നൽകണം. അത് 2000, 3000 സോം ആണ്. 5000 സോം കൊടുത്ത് ചായ കഴിച് 3000 സോം കൊടുത്ത് വാഷ് റൂമിലും പോയി.യാത്ര വീണ്ടും തുടങ്ങി.
ചായ കഴിച്ച ഫ്രഷ് ആയതിന്റെ ഊർജം മൂലമാകാം സംഘാംഗങ്ങൾ പാട്ട് പാടുവാൻ തുടങ്ങി. തമിഴും മലയാളവും ഹിന്ദിയും മാപ്പിളപ്പാട്ടുമായി യാത്ര അടിപൊളിയായി.ഉച്ചഭക്ഷണത്തിനുവേണ്ടി വാഹനം നിർത്തി, എല്ലാവർക്കും വിഭവസമൃദ്ധമായ പുലാവ് മുൻകൂട്ടി ഓർഡർ ചെയ്തിരുന്നെങ്കിലും ഭാഷാപ്രശ്നം നിമിത്തം കിട്ടിയത് അതൊന്നുമല്ല. പിന്നെ കിട്ടിയ ഭക്ഷണം കഴിക്കേണ്ടി വന്നു.
Bahoutdin Architectural Complex.
ഭക്ഷണശേഷം അതിനു തൊട്ടു മുമ്പിൽ തന്നെയുള്ള 1389 ല് മരണപ്പെട്ട ബഹാഉദ്ദീൻ നഖ്ശ ബന്ദിയുടെ മഖ്ബറ ഉൾപ്പെടെ ഉള്ള ഉള്ള ബഹാവുദ്ദീൻ നഖ്ശാബന്ദ് ആർക്കിടെക്ച്ചറൽ കോംപ്ലക്സ് സന്ദർശിച്ചു. പതിനാറാം നൂറ്റാണ്ടിലെ വാസ്തുശില്പ ചാതുരി വെളിവാക്കുന്നതാണ് ഇവിടുത്തെ നിർമ്മിതികൾ. നിരവധി മഹാന്മാരുടെ മഖ്ബറകളും പള്ളികളും ഒക്കെ ഈ കോംപ്ലക്സിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംഘാംഗങ്ങൾ ഒക്കെ നിസ്കാരത്തിനായി പള്ളിയിൽ പോയ സമയത്ത് യുനെസ്കോയുടെ ഹെറിറ്റേജ് പട്ടികയിൽ ഉള്ള ഈ നിർമ്മിതിയുടെ മനോഹരമായ കാഴ്ചകൾ ക്യാമറയിലാക്കി ഞാൻ നടന്നു..
വീണ്ടും യാത്ര തുടർന്നു.ബസിൽ വച്ച് നഖ്ശാ ബന്ദിയുടെയും , ഇമാം ബുഖാരിയുടെയും ജീവചരിത്രവും ഐതിഹ്യങ്ങളും ശ്രീ റഷീദ് വിവരിച്ചു തന്നു.
ചരിത്രമുറങ്ങുന്ന ബഹാവുദ്ദീൻ നഖഷ ബന്ദി സ്മാരക സന്ദർശനത്തിനുശേഷം നേരെ പോയത് വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ബുഖാറയിലെ പൗരാണിക സ്മാരകത്തിലേക്ക് ആണ്. പോയി കലോൺ ചത്വരം ആണ് ആദ്യലക്ഷ്യം.
Po-i-Kalan Complex.
ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ വരവേറ്റത് തെരുവ് കച്ചവടക്കാരുടെ നമസ്തേ വിളികളാണ്. ഇന്ത്യക്കാരെ എങ്ങനെ സമീപിക്കണം എന്ന് കൃത്യമായ ധാരണയോടു കൂടിയാണ് കച്ചവടക്കാർ പെരുമാറുന്നത്. കമ്പിളി വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള തൊപ്പികളും ഒക്കെയായി കച്ചവടക്കാർ നിരന്നു നിൽക്കുന്ന വഴിയിലൂടെ ഞങ്ങൾ പോയി കലോൺ സ്ക്വയർ ലക്ഷ്യമാക്കി നടന്നു.
ഇവിടെയുള്ള എല്ലാ കെട്ടിടങ്ങളും പരമ്പരാഗത തനിമ നിലനിർത്തിക്കൊണ്ട് തന്നെയാണ് സംരക്ഷിച്ചിരിക്കുന്നത് .എക്സ്റ്റീരിയർ, ഇൻറീരിയർ ഡിസൈനുകളിൽ ഒന്നും തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
ചരിത്രപ്രധാനമായ സിൽക്ക് റൂട്ടിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ബുഖാറ. 5000 ല് പരം വർഷങ്ങളുടെ ജനവാസചരിത്രമുള്ള ബുഖാറയിൽ സൗരാഷ്ട്രീയർന്മാരും ബുദ്ധന്മാരും ജൈനന്മാരും ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ചത്വരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മുടെ കണ്ണിലുടക്കുന്നത് ഔന്നിത്യം പേറി നിൽക്കുന്ന ഒരു മിനാരമാണ്. കാവൽ ഗോപുരമായും നിരീക്ഷണ ഗോപുരവുമായി ഒക്കെയായാണ് ഈ മിനാരം ഉപയോഗപ്പെടുത്തിയിരുന്നത്. മിനാരത്തിന്റെ മുമ്പിൽവെച്ച് അതിൻ്റെ നിർമ്മിതിയെക്കുറിച്ച് ശ്രീ റഷീദ് വിവരിച്ചു തന്നു.
1127 കാലഘട്ടത്തിലാണ് അന്നത്തെ ബുഖാരിയുടെ ഭരണാധികാരിയായിരുന്ന മുഹമ്മദ് അസ്ലം ഖാൻ ആണ് ഈ മിനാരം നിർമ്മിച്ചത്. ചെങ്കിസ്ഖാന്റെ പടയോട്ട കാലത്ത് ഈ മിനാരമടക്കം തീവച്ച് നശിപ്പിക്കപ്പെട്ടു. പിന്നീട് പതിനാറാം നൂറ്റാണ്ട് കാലഘട്ടത്തിലാണ് ഈ മിനാരം പുനർനിർമിച്ചത്. യുദ്ധതടവുകാരെയും കുറ്റവാളികളെയും ഈ മിനാരത്തിന്റെ മുകളിൽ നിന്ന് താഴോട്ട് എറിഞ്ഞ് വധശിക്ഷ നടപ്പാക്കിയിരുന്നു എന്നും പറയപ്പെടുന്നു. മിനാരത്തിന്റെ ഇരുവശത്തും മദ്രസകളും പള്ളികളും ഒക്കെ ഉണ്ട്. എല്ലാ നിർമ്മിതികളും പൗരാണികത കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.
അറേബ്യൻ പേർഷ്യൻ വാസ്തു ശിൽപ ചാതുരിയുടെ കയ്യൊപ്പ് എല്ലാ നിർമ്മിതികളിലും കാണാം.
കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെ ബുഖാറയിലെ ഓരോ നിർമ്മിതിയുടെയും ചരിത്രം ശ്രീ റഷീദ് വിവരിച്ചു തരുന്നുണ്ടായിരുന്നു.
Trade domes of Bukhara.
പിന്നീട് ഞങ്ങൾ പോയത് ഡോം മാർക്കറ്റിലേക്ക് ആയിരുന്നു. ഒരു അണ്ടർഗ്രൗണ്ട് മാർക്കറ്റ് പോലെ തോന്നുന്ന ഈ സ്ഥലത്ത് നിരവധി കച്ചവടക്കാർ സുവനീറുകൾ വിൽക്കുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുവദിക്കുന്നതല്ല എന്ന ബോർഡ് തൂങ്ങിക്കിടക്കുന്നതിനൽ ഞാൻ തൽക്കാലം ക്യാമറ ഓഫ് ചെയ്തു.
ഡോമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പ് തുടങ്ങിയിരുന്നു. സമയം ഇരുട്ടി തുടങ്ങി ഇനിയുള്ള കാഴ്ചകൾ എങ്ങനെ തെളിമയോടുകൂടി ക്യാമറയിൽ ആക്കും എന്നതായിരുന്നു എൻ്റെ ആശങ്ക.
പിന്നീട് നേരെ പോയത് ഒരു വലിയ കുളത്തിന്റെ സമീപത്തേക്ക് ആയിരുന്നു.ഈ കുളത്തിന് ചുറ്റുപാടും മനോഹരമായ നിർമ്മിതികൾ ഉണ്ട്. ഒരുകാലത്ത് ബുഖാറയിലെ ജനങ്ങളുടെ ജല ആവശ്യങ്ങൾ നിറവേറ്റിയിരുന്ന കുളമാണിത് എന്ന് പറയപ്പെടുന്നു . ഇന്ന് അതിൻറെ ചുറ്റുപാടും മനോഹരമായ ഒരു ഉദ്യാനം ആക്കി മാറ്റിയിട്ടുണ്ട്. നിരവധി പോസ്റ്റ്/പ്രീ വെഡ് പ ഫോട്ടോഷൂട്ടുകൾ ഈ കുളത്തിന് സമീപത്ത് വച്ച് നടക്കുന്നുണ്ട്. ഫോട്ടോഷൂട്ട് കണ്ടാൽ പിന്നെ ഞങ്ങളുടെ സംഘാംഗങ്ങളിൽ പലർക്കും അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തില്ലെങ്കിൽ തൃപ്തി വരില്ല.ഫോട്ടോഷൂട്ടിൽ ഒക്കെ പങ്കെടുത്തു യാത്ര തുടർന്നു.
ശ്രീ റഷീദ് തുടക്കം മുതലേ പറയുന്ന ഒരു മിത്ത് തേടി ആണ് ഇനിയുള്ള യാത്ര.
Nasreddin Hodja Statue.
നമ്മുടെയൊക്കെ ബാല്യകാലത്ത് നമ്മൾ ഏറെ ആസ്വദിച്ച കഥകളാണ് നസറുദ്ദീൻ ഹോജ കഥകൾ.വളരെ സീരിയസായ പ്രശ്നങ്ങൾ പോലും സരസമായും തമാശയോടെയും അവതരിപ്പിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് രാജാവിനെ പോലും അതിശയിപ്പിക്കുന്ന എത്രയെത്ര നസറുദ്ദീൻ ഹോജ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഹോജയോട് ഒപ്പം തന്നെ പ്രാധാന്യമാണ് അദ്ദേഹത്തിൻറെ കഴുതക്കും ഉള്ളത്. ഒരു നാണയവും കൈപിടിച്ച് ഗൂഢ മുഖഭാവത്തോടെ കഴുതപ്പുറത്തിരിക്കുന്ന ഹോജയുടെ പ്രതിമയുടെ സമീപത്തേക്കാണ് ഞങ്ങൾ പോയത്.
വലിയ തിരക്കാണ് അവിടെ. കാരണം അന്വേഷിച്ചപ്പോഴാണ് അതിൻറെ ഗുട്ടൻസ് പിടികിട്ടിയത്. ഈ പ്രതിമയുടെ മുകളിൽ അതായത് കഴുതപ്പുറത്ത് കുട്ടികളെ കയറ്റി ഇരുത്തിയാൽ ആ കുട്ടികൾ സരസൻമാരും ബുദ്ധിമാന്മാരും ആകുമെന്ന് ഒരു മിത്ത് ഉണ്ട്. അതുകൊണ്ട് കഴുതപ്പുറത്ത് കയറാനുള്ള തിരക്കാണ് അവിടെ. തിരക്കിന് അല്പം ശമനം കിട്ടിയപ്പോൾ ഞങ്ങടെ കൂടെയുള്ളവരും കയറി കഴുതപ്പുറത്ത്, ഇനിയെങ്കിലും ബുദ്ധി വെക്കുമോ എന്നറിയാമല്ലോ.
ഹോജയുടെ പ്രതിമയൊക്കെ കണ്ട് തിരിച്ചുവന്ന് ഞങ്ങൾ പുറത്തിറങ്ങി.
Ark of Bukhara.
നേരെ മുന്നിൽ ബുഖാറ കോട്ടയാണ്. കോട്ടയിൽ കയറാൻ മുപ്പതിനായിരം ഉസ്ബക്ക് സോമമാണ് ചാർജ്. നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കോട്ടയിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടായതിനാൽ അധികം ഒന്നും തന്നെ ഷൂട്ട് ചെയ്യാൻ പറ്റിയില്ല വേഗം തിരിച്ചിറങ്ങി.
നല്ല തണുപ്പുണ്ട്,ഒരു ചായ കുടിക്കാം എന്ന് വെച്ച് സമീപത്ത് കണ്ട ഒരു കടയിലേക്ക് നടന്നു. ചായയൊക്കെ കഴിച്ചു വന്നപ്പോഴേക്കും എല്ലാവരും ബസ്സിൽ എത്തിത്തുടങ്ങി. ഇന്ന് ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. ബുഖാറ സിറ്റിയിലുള്ള ഹോട്ടൽ ഗുലി( Guli Boutique Hotel) യിലാണ് ഞങ്ങൾക്കുള്ള താമസം അറേഞ്ച് ചെയ്തിരിക്കുന്നത്. അങ്ങോട്ടേക്കുള്ള യാത്രയിൽ പെട്ടെന്ന് ഒരു സൈൻ ബോർഡ് കണ്ണിൽപ്പെട്ടു. “സലാം നമസ്തേ” ഇന്ത്യൻ ഹോട്ടൽ. എന്തായാലും ഇന്നത്തെ ഭക്ഷണം അവിടെ ആകാമെന്ന് തീരുമാനിച്ചു.
നേരെ ഹോട്ടലിൽ പോയി ചെക്കിങ് ചെയ്തു. ഒരു ആന്റിക് രീതിയിലുള്ള ഹോട്ടൽ ആണിത്. ചുവർ ചിത്രങ്ങളും ഫർണിച്ചർകളും ഒക്കെ പൗരാണിക രൂപം പേറുന്നവയാണ്. വേഗം ഫ്രഷായി നേരത്തെ കണ്ട ഇന്ത്യൻ ഹോട്ടലിലേക്ക് നടന്നു. നല്ല സൗത്ത് ഇന്ത്യൻ ഭക്ഷണമാണ് കിട്ടിയത്. മറ്റു ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമായി സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന വെയ്റ്റർമാർ ആയിരുന്നു ഉണ്ടായിരുന്നത്. അതിൻറെ കാരണം നമ്മുടെ നാട്ടിൽ നിന്നൊക്കെ ഇവിടെ മെഡിസിന് പഠിക്കാൻ വേണ്ടി വരുന്ന വിദ്യാർഥികൾ ഇങ്ങനെയുള്ള പല ഹോട്ടലുകളിൽ അവരുടെ ഒഴിവു സമയങ്ങളിൽ ജോലി ചെയ്യാറുണ്ട്.
ബുഖാറയിലെ ഒരു ഹോട്ടൽ ചുമരിൽ മോഹൻലാലിൻറെ മനോഹരമായ ചിത്രം തൂങ്ങിക്കിടക്കുന്നു.!!!
എന്തായാലും കുറേ ദിവസങ്ങൾക്ക് ശേഷം വായ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം കഴിക്കാനായി എന്ന സംതൃപ്തിയോടെ റൂമിലേക്ക് മടങ്ങി.
വീഡിയോ കാഴ്ചകള്‍ കാണുന്നതിനായി…
Leave a Reply