ചിത്രദുര്‍ഗയിലെ മായകാഴ്ചകള്‍ (Chitradurga)

ചിത്രദുര്‍ഗയിലേക്ക് ( Chitradurga)പുറപ്പെടുമ്പോള്‍ ഹൈദര്‍ അലിയുടെ പട്ടാളക്കാരെ ഒറ്റയ്ക്ക് നേരിട്ട ഒബ്ബാവ എന്ന ധീര വനിതയുടെ കഥകള്‍ ആരുന്നു മനസ്സില്‍.കാരണം ചിത്രദുര്‍ഗ കണ്ട എല്ലാരും അതിനെകുറിച് ആയിരുന്നു പറഞ്ഞതും എഴുതിയതും. യാത്രക്ക് മുന്‍പേ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ ദൂരവും,വഴികളുമൊക്കെ ഉള്ളിലുറപ്പിച്ചു.രാവിലെ 4 മണിക്കുതന്നെ സുഹൃത്തുമൊത്ത് കാറില്‍ മലപ്പുറത്തുനിന്നും പുറപ്പെട്ടു.നിലമ്പൂര്‍,വഴിക്കടവ് വഴി ഗൂടല്ലൂര്‍ എത്തിയപ്പോള്‍ 7 മണിയായി,പ്രാതല്‍ കഴിഞ്ഞിട്ടാകാം തുടര്‍യാത്ര എന്ന് തീരുമാനിച്ചു. ഗൂടല്ലൂരിലെ തണുപ്പ് ഉന്മേഷം പകര്‍ന്നു.ഇനി മുതുമല വനത്തിലൂടെ ആണ് യാത്ര. ഞാന്‍ ക്യാമറ എടുത്തു തയ്യാറായി ഇരുന്നു.വല്ല ആനയോ,പുലിയോ ഒക്കെ കണ്ടാലോ.പക്ഷെ ആകെ കണ്ടത് മാനുകളേയും മയിലുകളെയും മാത്രം. തെപ്പക്കാട് പിന്നിട്ടു,ഇനി കര്‍ണാടകയിലേക്ക് കടക്കുകയാണ്.ബന്ദിപ്പൂര്‍ കടുവ സങ്കേതം. കാട് വരണ്ടുണങ്ങി നില്‍ക്കുന്നു. ഗുണ്ടല്‍പേട്ട എത്തുന്നതിനു തൊട്ടുമുന്‍പ് ഗോപാലസ്വാമിപെട്ടിലേക്ക് പോകുന്ന വഴി കണ്ടു.ഗുണ്ടല്പെട്ടും,നന്ജന്ഗുണ്ടും പിന്നിട്ട് മൈസൂര്‍ എത്തിയപോള്‍ 11 മണി. ഒരു ചായക്ക്‌ ശേഷം സുഹൃത്തിനെ വിശ്രമിക്കാന്‍ വിട്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കയറി.GPS അനുസരിച്ച് ശ്രീരംഗപട്ടണത്ത്നിന്നും വഴി തിരിയുകയാണ്. പാണ്ഡവപുര,നാഗമംഗള,നെല്ലിഗേറെ,വഴി ചിക്കനായ്ക്കണഹള്ളി യില്‍ ഉച്ചഭക്ഷണം. തനി ഗ്രാമപ്രദേശങ്ങളില്‍ കൂടിയാണ് യാത്ര.കരിമ്പ്‌പാടങ്ങള്‍ അതിരിടുന്ന വഴി.വാഹനത്തിരക്ക് ഇല്ലാതെ സ്വസ്ഥമായ ഡ്രൈവിംഗ് ആസ്വദിച്ചു ഞാന്‍ കാര്‍ ഓടിച്ചു.തുരുവിക്കെരെ ആണ് അടുത്ത ടൌണ്‍. ഹിറിയൂര്‍ എത്തി.ഇനി യാത്ര മുംബൈ-ബാംഗ്ലൂര്‍ ഹൈവേയിലൂടെ ആണ്.ഏഷ്യന്‍ ഹൈവേ 4 ആണിത്. 4 മണിയായി, ഞങ്ങള്‍ ചിത്രദുര്‍ഗ പട്ടണത്തിലേക്ക് എത്തി.
                 താമസിക്കാനുള്ള ഹോട്ടല്‍ കണ്ടുപിടിക്കുക എന്നതാണ് അടുത്ത പടി, വഴിയില്‍ കണ്ട ഓട്ടോ ചേട്ടനോട് ചോദിച്ചപ്പോള്‍ ഐശ്വര്യ ഫോര്‍ട്ട്‌ എന്ന ഹോട്ടല്‍ നന്നെന്നു പറഞ്ഞു.സാമാന്യം വലിയ ഹോട്ടല്‍ ആണ്.നല്ല റൂം,യാത്ര ക്ഷീണം മാറ്റി, നേരെ കോട്ടയിലേക്ക്.കാരണം കോട്ടയ്ക്ക്മുകളില്‍ നിന്നുള്ള അസ്തമയ ദൃശ്യങ്ങള്‍ മനോഹരം ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.ആകെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ആണ് ടൌണില്‍. പൊടിയുടെ ശല്യം രൂക്ഷമാണ്.4 കി.മി.ഉണ്ട് കോട്ടയിലേക്ക്. വലിയ തിരക്കൊന്നുമില്ല.5 രൂപയാണ് എന്‍ട്രി ഫീ.സ്റ്റില്‍ ക്യാമറക്ക് ഫീ ഇല്ല.
ഊഞ്ഞാല്‍
     17-18 നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിച്ചത്.ചാലൂക്യരും,ഹോയ്സാലന്മാരും പിന്നീട് നായക്കന്മാരും ഇവിടം ഭരിച്ചു.ഇവരില്‍ നായ്ക്ക വംശജര്‍ ആരുന്നു ഏറ്റവും പ്രബലര്‍.മധക്കര നായക്കന്‍ എന്ന രാജാവിനെ ഹൈദര്‍ അലി പരാജയപ്പെടുത്തി കോട്ട പിടിച്ചടക്കി. അമ്പലങ്ങളും ജയിലും ധാന്യപ്പുരകളും,ആയുധപ്പുരകളും ഖജനാവും,ഓഫീസുകളും,വാട്ടര്‍ടാങ്കുകളും ഒക്കെ അടങ്ങിയതാണ് ഈ കോട്ട. മഹാഭാരതത്തില്‍  ഹിടുംമ്പനെ വധിച്ചു,ഹിടുംബിയെ ഭീമന്‍ സ്വന്തമാക്കിയത് ഇവിടെ വെച്ചാണ്പോലും.ഹിടിമ്പന്റെ പേരില്‍ ഒരു അമ്പലവും ഉണ്ട്.( വലിയ കല്ലുകള്‍ പെറുക്കിയെടുത്ത് അടുക്കിയത്പോലുള്ള മലകള്‍ …ഒരുപക്ഷെ ഹിടിംബീ പുത്രന്‍ ആയ ഘടോല്‍കചന്‍ എറിഞ്ഞു കളിച്ചവയായിരിക്കും ആ കല്ലുകള്‍….)

   അസ്തമയ സൂര്യന്റെ കിരണങ്ങള്‍ കോട്ടയെ പൊന്നണിയിക്കുന്നു. ഇരുളുന്നതിന്നു മുന്പ് പരമാവധി ചിത്രങ്ങള്‍ എടുക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ഞാന്‍. ഒരു ദിനം മുഴുവന്‍ ഉണ്ടെങ്കിലും കോട്ട മുഴുവന്‍ കണ്ടുതീര്‍ക്കുക എന്നത് അസാധ്യം ആണ്. ബാകിയുള്ള കാഴ്ച്ചകള്‍ നാളെയാകാം എന്ന് കരുതി റൂമിലേക്ക് മടങ്ങി.

 

 

 

 

അസ്തമയ സൂര്യനില്‍ കോട്ട

 

 

കോട്ടയ്ക്കു മുകളില്‍ നിന്നുള്ള കാഴ്ച

 

 

ഹിടിംബെശ്വര ക്ഷേത്രം

 

ചിത്രദുര്‍ഗ നഗരം

 

 

 

 

രാവിലെ 6 മണിക്ക് തന്നെ വീണ്ടും കോട്ടയിലേക്ക് എത്തി. ഇന്നലെ കാണാത്ത ഭാഗങ്ങള്‍ ഇന്ന് കാണണം. സൂര്യന്‍ ഉദിച്ചുവരുന്ന കാഴ്ച അതിമനോഹരം ആണ്. കുറേപേര്‍  പ്രഭാത സവാരി നടത്തുന്നു. ഉദയ സൂര്യനെ നോക്കി ചിലര്‍ സൂര്യനമസ്കാരം നടത്തുന്നു.ഗൈഡ്ന്‍റെ ആവശ്യം ഒന്നും ഇല്ല.എല്ലായിടത്തും സൈന്‍ബോര്‍ഡുകള്‍ ഉണ്ട്.കോട്ടയ്ക്കു മുകളില്‍ പെയ്യുന്ന മഴവെള്ളം മുഴുവന്‍ ശേഖരിച്ചു വെക്കുവാന്‍ നിര്‍മിച്ച സഹോദരി ടാങ്കുകള്‍ അത്ഭുത നിര്‍മിതി തന്നെയാണ്.ഇതില്‍ നിന്ന് ഭൂഗര്‍ഭ കുഴലുകള്‍ വഴി എല്ലായിടത്തെക്കും വെള്ളം എത്തിച്ചിരുന്നു. ട്രെഷറി കെട്ടിടം നിര്‍മിച്ചിരിക്കുന്നത് മണ്ണ്കൊണ്ടാണ്. വെള്ളംനനഞ്ഞു പ്രശ്നം ഉണ്ടാകാതിരിക്കാന്‍ മഴവെള്ളം ചുമരില്‍ പതിക്കതിരിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നുപോലും. ഇത്രയൊക്കെ സംവിധാനം ഉണ്ടായിരുന്ന കോട്ടയില്‍ കൊട്ടാരം എവിടെ ആയിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഏറെ അന്വേഷിച്ചു നടന്നിട്ടും അത് കണ്ടില്ല.കോട്ടയെ കുറിച്ച് എഴുതിയവരൊന്നും ഇതിനെകുറിച് ഒന്നും പറഞ്ഞതായി കണ്ടില്ല.ഒടുവില്‍ അറിയാവുന്ന കന്നടയില്‍ ഒരാളോട് ചോദിച്ചു. അയാള്‍ കോട്ടയുടെ ഏറ്റവും മുകളിലേക്ക് ചൂണ്ടിക്കാണിച്ചു. പക്ഷെ അങ്ങോട്ട് പോകാന്‍ പടികള്‍ ഇല്ല.പുല്ലുകള്‍ക്കിടയിലൂടെ കൊട്ടാരം തേടി ഞങ്ങള്‍ നടന്നു. ഒടുവില്‍ മണ്ണ്കൊണ്ട് നിര്‍മിച്ച ഒരു തകര്‍ന്ന കെട്ടിടം കണ്ടു. അതായിരുന്നു കൊട്ടാരം.ഇത്രയും വലിയ കോട്ടയില്‍ എന്തുകൊണ്ട് മണ്ണുകൊണ്ട് കൊട്ടാരം നിര്‍മിച്ചു എന്നത് രസകരം ആണ്.പരിസ്ഥിതി സൌഹൃധമായതിനാലാണ് അങ്ങനെ നിര്‍മ്മിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്ലുകളുടെ ഈ കോട്ടയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കെട്ടിടങ്ങള്‍ , കൊട്ടാരവും ട്രഷറിയും നിര്‍മ്മിച്ചത് മണ്ണ്കൊണ്ടാണ്. അതിനു സമീപം ധാന്യപ്പുരകളും,ആയുധപ്പുരകളും കണ്ടു. കോട്ടയിലെ ഏറ്റവും സുരക്ഷിത സ്ഥലമായിരുന്നിരിക്കണം അത്. പിന്‍ഭാഗത്ത് ഉയര്‍ന്ന കുന്നുകളും,മുന്‍ഭാഗത് വിശാലമായ കോട്ടയും. ഇത്ര സുരക്ഷിതമായ ഇടമായിരുന്നിട്ടും രാജാവിനെ തേടി ഹൈദര്‍ എത്തി….അവിടെ നിന്നിറങ്ങി നേരെ “ഒനക്കെ ഒബ്ബാവ കിണ്ടി ” കണ്ടു.പാറയിലെ വിടവിലൂടെ നുഴഞ്ഞു കയറിയ പട്ടാളക്കാരെ ഒലക്ക കൊണ്ട് അടിച്ചുകൊന്ന ഒബ്ബാവ എന്ന സ്ത്രീയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അതും കഴിഞ്ഞ് ഞങ്ങള്‍ കോട്ടയോട് വിടചൊല്ലി. വെയില്‍ മൂത്തുവരുന്നു.രാവിലെ 6 മണിക്ക് തന്നെ കയറാന്‍ തോന്നിയത് നന്നായി.

 

സൂര്യോദയം @ കോട്ട

 

ജയില്‍

 

 

ഗണപതി ക്ഷേത്രം

 

ഗരുഡ സ്തംഭം

 

എകാന്തെശ്വരി ക്ഷേത്രം
വാട്ടര്‍ ടാങ്ക്
ട്രഷറി ബില്‍ഡിംഗ്‌
Sister Tanks
ധാന്യപ്പുര

 

ഇതായിരുന്നു ഞങ്ങള്‍ തേടി നടന്ന ആ കൊട്ടാരം!!!!

 

                                          

ഒനക്കെ ഒബ്ബാവ കിണ്ടി

 

 

പിന്നീട് പോയത് ചന്ദ്രവല്ലി തടാകവും അതിന്‍റെ അടുത്തുള്ള “Ankhi Matha ” എന്ന ഭൂഗര്‍ഭ ക്ഷേത്രവും,വിവിധ ഭൂഗര്‍ഭ അറകളും കാണാന്‍ ആയിരുന്നു. ഗൈഡ് വേണ്ട എന്ന ധൈര്യം കുറച്ചു പടികള്‍ ഇറങ്ങിയപ്പോഴേക്കും തീര്‍ന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വഴികള്‍. കണ്ണില്‍ കുത്തുന്ന ഇരുട്ട്. ആകെ ഒരു ശ്വാസം മുട്ടല്‍.വേഗം പുറത്തിറങ്ങി. വിവിധ നിലകളില്‍ ആയി നിര്‍മിച്ചിരിക്കുന്ന ഈ ഭൂഗര്‍ഭ സംവിധാനം ഒരു അത്ഭുതം തന്നെയാണ്. ഗൈഡ്നെ കൂട്ടി പോവുകയാണ് നല്ലത്.

Ankhi Math 

 

Chandravallykere

 

മുരുഗരാജേന്ദ്ര മഠം (mmurugarajendra mutt) : ലിഗായത് വിഭാഗക്കാരുടെ മഠം ആണ്. ഇപ്പോഴത്തെ സ്വാമിയേ കാണാന്‍ കുറച്ചുനേരം കാത്തിരുന്നു. പക്ഷെ അദ്ദേഹം വളരെ തിരക്കില്‍ ആയതിനാല്‍ കാണാന്‍ പറ്റിയില്ല. 

 

 

അടുത്ത ലക്‌ഷ്യം ജോഗിമട്ടി ആണ്. ഇതൊരു ഹില്‍ റിസോര്‍ട്ട് ആണ്. വനം വകുപ്പിന്റെ അനുമതി ചിത്രദുര്‍ഗ ടൌണില്‍ ഉള്ള അവരുടെ ഓഫീസില്‍നിന്നും എടുക്കണം.ഞങ്ങള്‍ക്ക് പക്ഷെ പോകാന്‍ പറ്റിയില്ല,കാരണം കാട്ടുതീ പ്രശ്നം ഉള്ളതിനാല്‍ ജനുവരി ഫെബ്രുവരി മാര്ച് മാസങ്ങളില്‍ ആരെയും അങ്ങോട്ട് കടത്തിവിടില്ല. ആടുമലെശ്വര്‍ എന്ന ശിവ ക്ഷേത്രവും അതിന്‍റെ അടുത്തുള മൃഗശാലയും ആണ് വേറൊരു കാഴ്ച. ജോഗിമട്ടിയിലേക് പോകുന്ന വഴിതന്നെ ഇതും. പക്ഷെ ചൊവ്വാഴ്ച ആയതിനാല്‍ അത് അവധി ആരുന്നു.
ഇന്നത്തെ കാഴ്ചകളും അവസാനിക്കുന്നു. നേരെ ഹോട്ടലിലേക്ക് പോയി. നാളെ രാവിലെ തിരിക്കണം.
രാവിലെ 6 മണിക്ക് തിരികെയാത്ര തുടങ്ങി, വഴിയൊന്നു മാറിപ്പിടിച്ചു. നേരെ തുംകൂര്‍ വരെ ഏഷ്യന്‍ ഹൈവേ വഴി. പിന്നെ കിനിഗല്‍,മധൂര്‍,maandya ,Mysore വഴി വൈകിട്ട് 7 മണിക് മലപ്പുറം.ആകെ 1000 കി.മി