The Majesty of Amir Temur : A Journey to His Mausoleum (Uzbekistan Diary-Part 5)

gur-i-amer-samarkand

ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം അഞ്ച്

(Uzbekistan Diary-Part 5)

To Amir Temur Mausoleum.

ഇന്ന് ഞങ്ങൾ ബുഖാറയിൽ (Bukhara) നിന്ന് സമർഖന്ധിലേക്ക്(Samarkand) തിരിച്ചു പോവുകയാണ്.
ബുഖാറയിലെ ഹെറിറ്റേജ് ഹോട്ടൽ ആയ ഗുലിയിലാണ് ഉള്ളത്. രാവിലത്തെ പ്രഭാത പരിപാടികളൊക്കെ കഴിഞ്ഞു ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനായി പോയി. സാധാരണഗതിയിൽ നിന്ന് വ്യത്യസ്തമായി ഓരോ റൂമിന്റെയും നമ്പർ എഴുതിയ ടേബിളുകളിൽ വിഭവങ്ങൾ ഒരുക്കി വെച്ചിരുന്നു. ഒട്ടും മോശമാക്കിയില്ല, ഇവിടുത്തെ ബ്രേക്ക്ഫാസ്‌റ്റും. തനത് വിഭവങ്ങളോടൊപ്പം കോണ്ടിനെന്റൽ രീതിയിലുള്ള ഭക്ഷണസാധനങ്ങളും ഉണ്ട്.
ഏറ്റവും പ്രധാനമായ ഭക്ഷണ വിഭവം പലതരത്തിലുള്ള റൊട്ടികളും ചീസിന്റെ വകഭേദങ്ങളും ആണ്. ഫ്രഷ് ജ്യൂസുകളും ഡ്രൈ ഫ്രൂട്ടുകളും ഒക്കെ യഥേഷ്ടം ലഭ്യമാണ്.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതിനു ശേഷം താമസിച്ച ഹോട്ടൽ ഒന്ന് ചുറ്റി നടന്നു കണ്ടു. പൗരാണിക തനിമ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഹോട്ടലും പരിസരവും സജ്ജീകരിച്ചിരിക്കുന്നത്. ഹോട്ടലിന്റെ കോമ്പൗണ്ടിൽ പുരാതനകാലത്തെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായി കണ്ടു. നേരെ ബസ്സിലേക്ക് നടന്നു. നല്ല സുഖമുള്ള ഇളം വെയിൽ ഈ തണുപ്പത്ത് ഇളം വെയിൽ കൊള്ളുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്.
ബസിൽ വച്ച് ഗ്രൂപ്പിൽ ലീഡർ ശ്രീ റഷീദ് ബുഖാറയുടെ ചരിത്രവും പൗരാണികതയും ഒക്കെ വീണ്ടും വിവരിച്ചു തന്നു.
പുരാതന വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനായിരുന്ന ഇബ്നു സീന (Ibnu Sina) ബുഹാറയിൽ ജനിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ പേരിലുള്ള ഒരു മെഡിക്കൽ കോളേജ് യാത്രയിൽ കണ്ടു. വൈദ്യശാസ്ത്രരംഗത്തെ ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇബ്നു സീനയുടെ കഥകൾ ഒക്കെ തന്നെ റഷീദ് വിവരിച്ചു തന്നു.
ഇന്നലെ സമർഖണ്ഡിൽ നിന്നും ബുഖാറയിലേക്ക് വന്ന വഴിയിലൂടെ തന്നെയാണ് ഞങ്ങളുടെ ഇന്നത്തെ യാത്രയും. പോകും വഴി ഒരു ഹിൽ സ്റ്റേഷൻ ഉണ്ടെന്നും അവിടെ ചുടുനീര് ഉറവയിൽ കുളിക്കാമെന്നും റഷീദ് പ്രലോഭിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സഹയാത്രികരിൽ പലരും ബർമുഡ ഒക്കെ അണിഞ്ഞ് ആണ് വന്നിട്ടുള്ളത്. പക്ഷേ അത് പ്രലോഭനം മാത്രമായി തീരുകയാണ് ഉണ്ടായത്. സമയക്കുറവാണ് കാരണം.
വഴിയിൽ ഒരു പെട്രോൾ സ്റ്റേഷനിൽ വാഹനം നിർത്തി അല്പം വിശ്രമം. ആയിരങ്ങൾ കൊടുത്ത് വാഷ് റൂം ഉപയോഗിക്കുന്നതിനും, ചായ സമൂസ തുടങ്ങിയവ കഴിക്കുന്നതിനുമായി കുറച്ചുനേരം. അവിടെവച്ച് ഒരു കാഴ്ച വല്ലാതെ വേദനിപ്പിച്ചു. ഒരു കാറിന് പിന്നിൽ ഘടിപ്പിച്ച ട്രെയിലറിനകത്ത് അതിൽ കൊള്ളാവുന്നതിനേക്കാൾ കൂടുതൽ കന്നുകാലികളെ കുത്തി നിറച്ച് കൊണ്ടുപോകുന്നത് കണ്ടു . അതിൽ ഒരെണ്ണം താഴെ വീണപ്പോൾ അതിനെ കുത്തുകയും ചവിട്ടുകയും അടിക്കുകയും ഒക്കെ ചെയ്തു. നമ്മുടെ നാട്ടിൽ മാത്രമല്ല ഇങ്ങനെയൊക്കെ കന്നുകാലികളെ കൊണ്ടുപോകുന്നത് എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
എല്ലാവരും ചായയൊക്കെ കുടിച്ചു ഉഷാറായി വീണ്ടും വാഹനത്തിലേക്ക് കയറി, യാത്ര തുടർന്നു. പാതയുടെ ഇരുവശവും നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളാണ്. ഇന്നലത്തെ അപേക്ഷിച്ച് തണുപ്പ് അല്പം കൂടുതലാണ്. ഉച്ചഭക്ഷണ സമയത്താണ് സമർഖണ്ഡിലെത്തിയത്. സമർഖണ്ഡ് വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടൽ സമർഖണ്ഡിലാണ്  ഉച്ചഭക്ഷണം.
samarkand-hotel
Enjoying Samarkand Cuisines
കൊട്ടാര സദൃശ്യമാണ് ഹോട്ടൽ. അതിഥികളെ വരവേൽക്കാനായി സംഗീതവും നൃത്തവും ഒക്കെയുണ്ട്. ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും ഡാൻസിൽ പങ്കുചേർന്നു. വിഭവങ്ങളുടെ പേരാണ് കഷ്ടം, ചിത്രം കണ്ടു പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒടുക്കം ഗൂഗിൾ ട്രാൻസിലേറ്റ് സഹായത്തോടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്തതൊന്നുമല്ല കിട്ടിയത്, പിന്നെ കിട്ടിയ ഭക്ഷണം വെച്ച് അഡ്ജസ്റ്റ് ചെയ്തു.

Amir Temur Mausoleum.

ഉച്ചഭക്ഷണത്തിനുശേഷം നേരെ പോയത് ഗുർ ഇ അമീർ മുസോളിയത്തിലേക്ക്( Gur-I-Amer)  ആണ്. ഉസ്ബേക്ക് ജനതയുടെ ആരാധ്യ പുരുഷനായ അമീർ തിമൂറിന്റെയും, അദ്ദേഹത്തിൻറെ ചെറു മകന്റെയും, രാജഗുരുക്കന്മാരുടെയും ഒക്കെ ഖബറിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഈ മുസോളിയം.
അമീർ തിമോറിന്റെ ചെറുമകനായ ഉലോഗ് ബേഗ് (Ulugh  Beg) ആണ് ഈ മുസൂളിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
gur-i-amer-samarkan - amir temur
Amer Timur Mausoleum

 

gur-i-amer-samarkand
Amer Timur Mausoleum, Samarkand.

 

കാബൂളിലെ ബാബർ ഉദ്യാനം, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരം, ആഗ്രയിലെ താജ്മഹൽ തുടങ്ങിയ പിൽക്കാല മുഗൾ വാസ്തുവിദ്യകളുടെ സമാപന മാതൃകയിൽ, പേർഷ്യൻ-മംഗോളിയൻ വാസ്തുവിദ്യയുടെ ചരിത്രത്തിലെ ഒരു പ്രധാന സ്ഥലമാണ് ഇത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുഹമ്മദ് സുൽത്താൻറെ നിർദ്ദേശ പ്രകാരം ഈ സമുച്ചയത്തിന്റെ ആദ്യഭാഗം നിർമ്മിക്കപ്പെട്ടു. തിമൂർ അദ്ദേഹത്തിൻറെ അക്-സരയ് കൊട്ടാരത്തിനു സമീപമുള്ള ഷാഹ്‍രിസാബ്‍സിൽ ഒരു ചെറിയ ശവകുടീരം നേരത്തേ നിർമ്മിച്ചിരുന്നു. എന്നിരുന്നാലും 1405 ൽ ചൈനയിലേയ്ക്കുള്ള സൈനിക പര്യടനത്തിനിടെ തിമൂർ മരണമടയുകയും ഷാഹ്‍രിസാബ്‍സിലേയ്ക്കുള്ള വഴികൾ മഞ്ഞുവീണ് അടഞ്ഞതിനാലും അദ്ദേഹത്തിൻറെ മൃതദേഹം ഇവിടെ അടക്കം ചെയ്യുകയായിരുന്നു. തിമൂറിൻറെ മറ്റൊരു പൌത്രനായിരുന്ന ഉലൂഗ് ബേഗ് ഈ ശവകുടീരത്തിൻറെ പണി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ ശവകുടീരം ടിമൂറിദ് സാമ്രാജ്യത്തിന്റെ കുടുംബ ശവകുടീരമായി മാറി.
പുരാതന ഖസാക്കിസ്ഥാനിൽ കബറടക്കിയിരുന്ന തൻറെ പിതാവിൻറെ മൃതദേഹം അദ്ദേഹത്തിൻറെ അന്ത്യാഭിലാഷ പ്രകാരം ഉലൂക്ക് ബേഗ് ഇവിടെ കൊണ്ടുവന്ന് സംസ്കരിച്ചതായി പറയപ്പെടുന്നു.
പിന്നീട് ഉലുഗ് ബേഗിന്റെയും മൃതദേഹം ഇവിടെയാണ് സംസ്കരിച്ചിട്ടുള്ളത്. നേതാവിന്റെ ശവകുടീരം എന്നാണ് ഗൂർ -ഈ – അമീറിന്റെ അർത്ഥം.

ഈ വാസ്തുവിദ്യാ സമുച്ചയത്തിലും അതിന്റെ ആകാശനീലിമയുള്ള അഴകുള്ള താഴികക്കുടത്തിനും താഴെ താമർലൈൻ, അദ്ദേഹത്തിൻറെ പുത്രന്മാരായ ഷാഹ് രൂഖ്, മിരാൻ ഷഹാന്ദ്, പൌത്രന്മാരായ ഉലുഘ് ബെഗ്, മുഹമ്മദ് സുൽത്താൻ എന്നിവരുടെ ശവകുടീരങ്ങൾ ഉൾക്കൊള്ളുന്നു. അതോടൊപ്പം തിമൂറിൻറെ അദ്ധ്യാപകനായിരുന്ന സയ്യിദ് ബരാക്കയ്ക്കും ശവകുടീരത്തിൽ പ്രധാന സ്ഥലം നൽകിയിരിക്കുന്നു.

എൻട്രി ടിക്കറ്റ് എടുത്ത് അകത്തുകയറി കഴിഞ്ഞാൽ ഒരു മായിക കാഴ്ചയിലേക്കാണ് നാം എത്തുന്നത്.
കൊട്ടാര സദൃശ്യമായ എടുപ്പുകളും, സ്വർണ്ണം പൂശിയ അകത്തളങ്ങളും, ഖുർആൻ വചനങ്ങൾ രേഖപ്പെടുത്തിയ മാർബിൾ ചുമരുകളും ഒക്കെയായി ഈ മുസൂളിയം നമ്മെ അമ്പരപ്പിക്കും. തൈമൂർ ചക്രവർത്തിയുടെയും, മക്കളുടെയും കൊച്ചുമക്കളുടെയും, ഗുരുക്കന്മാരുടെയും ഒക്കെ കബറിടങ്ങൾ ഇവിടെ നമുക്ക് കാണാം.
വല്ലാത്ത ഒരു ശാന്തതയാണ് ഈ മുസലിയത്തിൽ നിലനിൽക്കുന്നത്.
അമീർ തിമൂർ നടത്തിയ പടയോട്ടത്തിന്റെ ഒരു വിശദമായ മാപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിൽ ഡൽഹിയും ആഗ്രയും വരെ ഉൾപ്പെടുന്നുണ്ട് എന്നുള്ളത് പരാമർശിക്കാതിരിക്കാൻ പറ്റില്ല.
അതുപോലെതന്നെ രാജവംശ പരമ്പര വളരെ വിശദമായിത്തന്നെ ഇവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
മുസോളിയത്തിൻ്റെ പരിസരപ്രദേശങ്ങളൊക്കെ പച്ച പുൽമേടുകളും, ചുവന്ന പുഷ്പങ്ങളും മഞ്ഞ പോപ്ലാർ മരങ്ങളും ഒക്കെയായി കണ്ണിനും മനസിനും ഇമ്പമാർന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ഇഷ്ടം പോലെ സുവനീർ ഷോപ്പുകൾ ഇവിടെയുണ്ട്. ഒരു സുവനീർ ഷോപ്പിൽ നിന്ന് സുവനീറുകൾ വാങ്ങി യാത്ര തുടർന്നു.
ഈ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കാണണമെന്ന് ആഗ്രഹിച്ച ഒരു സ്ഥലത്തേക്കാണ് അടുത്ത യാത്ര. അതിൻറെ വിശേഷങ്ങൾ തുടരും…
Gur-I-Amer വീഡിയോ കാഴ്ചകള്‍ കാണാന്‍ ..