Desert Dreams : Exploring Dubai’s Hidden Gems (Uzbekistan Diary-Part 2)

Dubai desrt safari

ഉസ്ബെക്കിസ്ഥാൻ ഡയറി-ഭാഗം രണ്ട്

(Uzbekistan Diary-Part 2)

Abu Dhabi To Dubai

അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും  നേരെ ദുബൈ( Dubai) ക്ക് ആണ് പോകുന്നത്. T 3 ടെർമിനലിൽ നിന്നും ഓരോ മണിക്കൂറിലും ദുബൈ ഇബ്നു ബത്തൂത്ത (Ibnu Batuta)  ബസ് സ്റ്റേഷനിലേക്ക് ബസ് ഉണ്ട്. 35 ദിർഹം ആണ് ചാർജ്. ഒരു മണിക്കൂർ 15 മിനുറ്റ് കൊണ്ട് ബസ് എത്തും.
സിം എടുക്കൽ ആണ് അടുത്ത ഇഷ്യൂ. എയർപോർട്ടിൽ പല കമ്പനികളുടെ സിം കിട്ടും ,പക്ഷേ ചാർജ് കൂടുതൽ ആണ്.അതിനാൽ പുറത്തിറങ്ങി എടുക്കാം എന്ന് കരുതി. എയർപോർട്ടിൽ ഫ്രീ വൈ ഫൈ ഉള്ളതുകൊണ്ട് വിളിക്കാൻ പറ്റി.
സുഹൃത്ത് ശ്രീ അഷ്റഫിൻ്റെ ബന്ധു ഇബ്നു ബത്തൂത്ത മാളിൻ്റെ അരികിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു മണിക്കൂർ 10 മിനുട്ട് കൊണ്ട് ബസ് എത്തി. ഇബ്നു ബത്തൂത്ത മാൾ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ ഒക്കെ ഇവിടെ ആണ്. ദുബൈ സിറ്റി യിലേക്കുള്ള എൻട്രി പോയിൻ്റ് ആണ് ഇവിടം.

Dubai

അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും അവർ കാറുമായി എത്തി.ദുബായ് സിറ്റിയുടെ രാജകീയ പാതകളിലൂടെ നേരെ കരാമ സെൻ്ററിലെ ( Karama Center)  മലയാളി ഹോട്ടലിലേക്ക്. ഭക്ഷണം കഴിഞ്ഞതിനു ശേഷം അൽ ഗുബൈബ ബസ് സ്റ്റേഷനു (Al Ghubaiba Bus Station)  സമീപത്ത് ഉള്ള ഹോട്ടലിലേക്ക്, അവിടെയാണ് റൂം ബുക്ക് ചെയ്തിട്ടുള്ളത്.

Karama Center

 

കരാമാ സെൻ്റർ എന്നത് ഒരു മിനി കേരളം ആണ്. ഹോട്ടലുകൾ മിക്കതും കേരള ഹോട്ടലുകൾ ആണ്.
കുളിച്ച് ഫ്രഷ് ആയതിനു ശേഷം വീണ്ടും ദുബായ് കാഴ്ചകളിലേക്ക്.അബ്ര കടലിടുക്കിലൂടെ ബോട്ട് യാത്ര നല്ല അനുഭവം ആയി.അതിനു ശേഷം ദുബൈയിൽ വന്നാൽ എന്തായാലും കണ്ടിരിക്കേണ്ട ബുർജ് ഖലീഫ (Burj Khalifa)  യിലേക്കും ദുബൈ മാളി( Dubai Mall) ലേക്കും.

Dubai Creek

ദുബായ്‌ പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ്‌ ദുബായ് ക്രീക്ക്.ദുബായ്‌ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾക്ക്‌ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ ദുബായ്‌ ക്രീക്ക്‌. ദുബായ്‌ നഗരത്തിലെ പ്രധാന ബാങ്കുകൾ, ചേംബർ ഓഫ്‌ കൊമേഴ്സ്‌ കോംപ്ലക്സ്‌, അനേകം ഹോട്ടലുകൾ, ഹെറിറ്റേജ്‌ വില്ലേജ്‌, ഗോൾഫ്‌ ക്ലബ്‌, ക്രീക്ക്‌ പാർക്ക്‌ തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവും. വിനോദ സഞ്ചാരികൾക്കായി യാത്രാബോട്ടുകൾ, സഞ്ചരിക്കുന്ന റെസ്റ്റോറന്റ്‌ ബോട്ടുകൾ തുടങ്ങിയവ ക്രീക്കിൽ ലഭ്യമാണ്‌. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ലഭ്യമാണ്.

 

Dubai Creek
Dubai Creek

Burj Khalifa

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ  . 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. പ്രത്യേകം ടിക്കറ്റ് എടുത്താല്‍ മാത്രമേ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറാന്‍ പറ്റുകയുള്ളു.  അതിനു തൊട്ടരികില്‍ തന്നെയാണ് ദുബായ് മാള്‍. വർണ വിസ്മയങ്ങൾ തീർക്കുന്ന ദുബൈ രാത്രി കാഴ്ചകൾ. ആ കാഴ്ചകളുടെ വര്‍ണ വിസ്മയങ്ങള്‍ ആവോളം ആസ്വദിച്ച് റൂമിലേക്ക് .

 

Burj Khalifa
Burj Khalifa
Dubai Mall
Dubai Mall

 

യാത്രയുടെ രണ്ടാം ദിവസം.

കൊച്ചിയിൽ നിന്നും അബുദാബി വരെയും , അവിടുന്ന് ദുബായിലേക്കും ഉള്ള നീണ്ട യാത്ര, ദുബായിൽ പാതിരാത്രി വരെ ഉള്ള കറക്കം..എഴുന്നേറ്റപ്പോൾ 9 മണി ആയി.
അൽഗുബൈബ ബസ് സ്റ്റേഷനു തൊട്ടടുത്ത് ആണ് ഹോട്ടൽ. മെട്രോ സ്റ്റേഷൻ, മാളുകൾ ഒക്കെ അടുത്തുണ്ട്. വിശപ്പിൻ്റെ വിളി വന്നു തുടങ്ങി, നേരെ താഴെ ഇറങ്ങി ആദ്യം കണ്ട ചെറിയൊരു ചായ കടയിൽ കയറി നല്ല മലയാളത്തിൽ ചായ വേണം എന്ന് പറഞ്ഞു, കഴിക്കാൻ എന്താ വേണ്ടത് നല്ല ഉപ്പുമാവും പഴവും തരട്ടെ എന്ന് ചോദിച്ച കടക്കാരൻ അദ്ഭുതപ്പെടുത്തി..ഞാൻ ദുബായിൽ തന്നെ ആണോ അതോ കോട്ടക്കലിൽ തന്നെ ആണോ എന്ന് സംശയം തോന്നി.
ഭക്ഷണം കഴിഞ്ഞ്, നേരെ അൽഗുബൈബ ബസ് സ്റ്റേഷനിൽ പോയി, നല്ല ഡബിൾ ഡെക്കർ ബസുകൾ .നാട്ടിൽ കാണാത്തത് അല്ലേ,ഒരു ഫോട്ടോ എടുക്കാം ഇന്ന് കരുതി മൊബൈൽ ക്ളിക്ക് ചെയ്തപ്പോൾ എവിടുന്നോ പൊട്ടിമുളച്ച പോലെ ഒരു സെക്യൂരിറ്റി ഗാർഡ്.. അയാൾ അറബിയിൽ എന്തൊക്കെയോ പറഞ്ഞു, ഞാൻ ഇംഗ്ലീഷിലും . പോലീസ് ഫൈൻ തുടങ്ങിയ വാക്കുകൾ മാത്രം മനസിലായി..എന്തായാലും ലേലു അല്ലി ലെലു അല്ലി പറഞ്ഞ് തടി സലാമത്ത് ആക്കി. പക്ഷേ മൊബൈൽ വാങ്ങി എടുത്ത ഒരു പടം അദേഹം ഡിലീറ്റ് ചെയ്തു, (അതിപ്പോ ഓരോ ആചാരങ്ങൾ ആകുമ്പോ അനുസരിച്ചല്ലെ പറ്റൂ പിള്ളേച്ച)

Dubai Metro

എന്തായാലും തൊട്ടടുത്ത് മെട്രോ സ്റ്റേഷനാണ് ,എന്ന പിന്നെ ദുബൈ മെട്രോ ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയില്ല ,അത് കൊണ്ട് 4 സ്റ്റേഷൻ അപ്പുറം പോയി തിരികെ വരാനുള്ള ടിക്കറ്റ് വാങ്ങി. മെട്രോയിൽ കയറി ബൂർജ്മൻ സ്റ്റേഷനിൽ ഇറങ്ങി അടുത്ത വണ്ടിക്ക് തിരിച്ചും പോന്നു.
ദുബൈ മെട്രോ രണ്ട് ലൈൻ ആണുള്ളത്, ഗ്രീൻ ലൈനും റെഡ് ലൈനും. ഞങ്ങൾ കേറിയത് ഗ്രീൻ ലൈൻ ആണ്. ദുബൈ മാൾ, ബുർജ് കലീഫ തുടങ്ങിയവയിൽ പോകാൻ റെഡ് ലൈൻ ആണ്.
തിരിച്ച് ഇറങ്ങിയപ്പോഴേക്കും ഉച്ച ആയി, നേരെ തലശ്ശേരി ഹോട്ടലിൽ പോയി ഊൺ കഴിച്ചു.

Desert Safari

ഇനി ഇന്നത്തെ പരിപാടി ഡെസേർട്ട് സഫാരി (Desert Safari)  ആണ്. അഷ്റഫിൻ്റെ ബന്ധു അത് ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. രണ്ടു മണിയായപ്പോൾ ബുക്ക് ചെയ്ത ഏജൻസി യുടെ വാഹനം വന്നു, ഞങ്ങളെ കൂടാതെ രണ്ട് കപ്പിൾസ് കൂടെ കയറി. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും അകന്നു മരുഭൂമിയിൽ കൂടെ കുറെ ദൂരം ഓടി. ഷാർജ യുടെ സമീപത്ത് ആയി എന്ന് മാപ് സൂചിപ്പിക്കുന്നു. ആദ്യം കൊണ്ടുപോയത് ഗോ കാർട്ടും, ബൈക്കും ഒക്കെ ഓടിക്കാൻ പറ്റുന്ന ഒരു സ്ഥലത്ത് ആയിരുന്നു. ഞാൻ എന്തായാലും അതിലൊന്നും കയറിയില്ല, കൂടെ ഉള്ള വിദേശി സുഹൃത്തുക്കൾ കയറി.
അത് കഴിഞ്ഞ് നേരെ വാഹനം മണൽ മലകൾക്ക് മുകളിലൂടെ കയറിയും ഇറങ്ങിയും ചാഞ്ഞും ചെരിഞ്ഞും പാഞ്ഞുകൊണ്ടിരുന്നു. വയറിൽ ഉള്ളതൊക്കെ പുറത്ത് വരും..അറബിയും ഒട്ടകവും മാധവൻ നായരും എന്ന സിനിമയിലെ രംഗം ആണ് എനിക് ഓർമ വന്നത്. നല്ല മണൽ കാറ്റ് ആണ്. കണ്ണിലും മൂക്കിലും ഒക്കെ മണൽ..മഴയും വരാൻ തുടങ്ങി. മഴ പെയ്താൽ ആകെ ഇഷ്യൂ ആകും എന്ന് ഡ്രൈവർ പറഞ്ഞു. അതിനാൽ വേഗം തിരിച്ച് പോന്നു.
dubai desert safari
Dubai Desert Safari

 

പിന്നീടു് കൊണ്ടുപോയത് ക്യാമ്പ് സൈറ്റിൽ ആണ്. അവിടെ welcome drink, food , belly dance, fire dance ഒക്കെ ആണ്. നല്ല തിരക്കാണ്. ഇങ്ങനെ ഉള്ള കുറെ ക്യാമ്പുകൾ ഉണ്ട്.
രാത്രി 12 മണിക്ക് അബുദാബിയിലേക്ക് തിരിച്ച് പോണം. വേഗം ഹോട്ടലിലേക്ക് തിരികെ വന്നു. ലഗേജുകൾ ഹോട്ടൽ റിസപ്ഷനിൽ എൽപ്പിച്ചാണ് പോയത്. അത് തിരികെ എടുത്ത് ഒന്ന് ഫ്രഷ് ആയി. അപ്പോഴേക്കും ഇന്നലത്തെ ഞങ്ങളുടെ ആതിഥേയർ വന്നു. അവരുടെ കാറിൽ കിസൈസ് എന്ന സ്ഥലത്ത് എത്തിച്ചു.
ഞങ്ങളുടെ ട്രിപ്പിൾ ദുബൈയിൽ നിന്നും 6 പേര് ഉണ്ട്, അവർ അബുദാബിക്ക് പോകുന്ന വാഹനത്തിൽ ഞങൾ കിസൈസിൽ നിന്നും കയറി.നേരെ അബുദാബി എയർ പോർട്ട്ലേക്ക്.അവിടുന്ന് രാവിലെ 6 മണിക്കാണ് സമർ ഖണ്ടിലേക്ക് ഫ്ലൈറ്റ്.
48 മണിക്കൂർ ട്രാൻസിറ്റ് വിസ പരമാവധി ഉപയോഗപ്പെടുത്തി എന്ന സന്തോഷത്തോടെ തൽകാലം ബൈ ബൈ ദുബൈ..
…………………………………….(തുടരും)